കോട്ടയം: സംസ്ഥാനത്ത് വീടുകൾക്കുള്ളിലെ അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചുവരുന്നുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ പൊലിസിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക കേന്ദ്ര ഓഫീസിൽ നടത്തിയ സന്ദർശനത്തിനിടെ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏറ്റവും ഒടുവിൽ ഇടുക്കി മാങ്കുളത്ത് പിതാവ് മകനെ അടിച്ചുകൊന്നു. എല്ലാ പ്രശ്നങ്ങൾക്കും പൊലിസ് മാത്രമാണ് പരിഹാരം എന്ന് കരുതുന്നത് ശരിയല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുടങ്ങിയവരും ഇതിൽ ഗൗരവമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൂഫാൻ ഇഫെക്ട് മൂലം മയക്കുമരുന്നിന്റെ ലഭ്യത കുറഞ്ഞത് ഇത്തരം വയലൻസിന് കാരണമാകുന്നുണ്ടോ?
കുടുംബങ്ങളിൽ ഇത്തരം കൊലപാതകങ്ങളും അതിക്രമങ്ങളും വർധിക്കാൻ മയക്കുമരുന്നും കാരണമാണ്. തൂഫാൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് മയക്കുമരുന്നുവേട്ട ശക്തമാക്കിയതുമൂലം മയക്കുമരുന്നു കിട്ടാതാകുന്നവരിൽ അക്രമവാസന കൂടുന്നുണ്ടാകാം. നാട്ടിലുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ പൊലിസിന് ഉത്തരവാദിത്വമുണ്ട്. പക്ഷേ, വീടിനകത്ത് അച്ഛനും മകനും തമ്മിലുള്ള വഴക്കും അക്രമവും തീർക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? ഇതൊരു പ്രശ്നം തന്നെയാണ്. ആളുകളുടെ സ്പിരിച്വൽ ശക്തിയൊക്കെ വളരെ താഴോട്ടേക്കു പോകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. അപ്പോൾ മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനം ഉണ്ടാകണം.
സംസ്ഥാനത്ത് ക്രമസമാധാനനില മെച്ചപ്പട്ടിട്ടുണ്ടെങ്കിലും പൊലിസിലെ ക്രിമിനലുകളെ കർശനമായി നേരിടുന്നതിൽ വിജയിക്കാനായോ?
മറ്റ് ഗവൺമെന്റ് വകുപ്പുകളെ അപേക്ഷിച്ച് പൊലിസ് നടപടികൾ കൂടുതൽ ശ്രദ്ധിക്കപ്പെടാറുണ്ട്. നല്ല കാര്യങ്ങൾ ജനങ്ങൾ അറിയാൻ വൈകുമെങ്കിലും ചെറിയൊരു വീഴ്ച ഉണ്ടായാൽ അത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യും. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സമ്മർദം കാരണം ചിലപ്പോൾ ആഴത്തിൽ ആലോചിക്കാതെ ധൃതിപിടിച്ച് നടപടികൾ എടുക്കേണ്ടി വരാറുണ്ട്. അടുത്തകാലത്തായി പൊലിസിൽനിന്ന് ആളുകളെ ഒഴിവാക്കുന്നതും നടപടിയെടുക്കുന്നതും വർധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് തൃശൂരിൽ ഏതാനും പൊലിസുകാർക്കെതിരേ നടപടിയുണ്ടായത്.
വിദേശരാജ്യങ്ങളിലെപ്പോലെ വലിയ കുറ്റപ്പെടുത്തലുകൾക്ക് ഇടയാകാതെ, മാനസികാസ്വാസ്ഥ്യമുള്ളവരെ മാനസികാരോഗ്യ ആശുപത്രികളിൽ എത്തിക്കുന്നതടക്കം പൊലിസ് ചെയ്യുന്നുണ്ട്. പൊലിസിന്റെ ജോലി മറ്റ് മേഖലകൾപോലെ അളന്നുതൂക്കി ചെയ്യാൻ കഴിയില്ല; പലപ്പോഴും പ്രതി പുഴയിൽ ചാടുന്നതുപോലുള്ള പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
കുട്ടികളിലെ അക്രമവാസന കൂടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
കുട്ടികളിലെ അക്രമവാസന പൊലിസ് മാത്രം പരിഹരിക്കേണ്ട വിഷയമല്ല. വൈകാരികവും പെരുമാറ്റപരവും ബുദ്ധിപരവുമായ പ്രശ്നങ്ങൾ കുട്ടികൾക്കിടയിൽ ക്രമാതീതമായി വർധിക്കുന്നുണ്ട്. ഇമോഷണൽ ബാലൻസ് കുറയുന്നതും ഏകാഗ്രത കുറയുന്നതും കുട്ടികളുടെ പ്രധാന പ്രശ്നങ്ങളാണ്.
മയക്കുമരുന്ന്, വയലൻസ് എന്നിവയുടെ മൂലകാരണം കണ്ടെത്താതെ, ബാഹ്യ ലക്ഷണങ്ങളെ മാത്രമാണ് നിലവിൽ ചികിത്സിക്കുന്നത്. ഡിസ്ലെക്സിയ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരെയും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെയും തിരിച്ചറിഞ്ഞ് പിന്തുണ നൽകുന്നതിൽ നിലവിലെ വിദ്യാഭ്യാസ രീതി പരാജയപ്പെടുന്നു.
ഭരണമാറ്റം പൊലിസിൽ പൂർണമായും പ്രതിഫലിക്കുന്നില്ലെന്ന്
പരാതിയുണ്ടല്ലോ?
പൊലിസിൽ ഭരണമാറ്റം ഫീൽ ചെയ്തില്ല എന്ന് തോന്നുന്നത് ഒരു പൊലിസ് സ്റ്റേഷനിൽ പോവുകയോ പൊലിസിന്റെ സർവീസിന് ആവശ്യം വരികയോ ചെയ്യാത്തവർക്കായിരിക്കും. വളരെ ഗുണകരമായ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ‘മൈ പൊലിസ് സ്റ്റേഷൻ’ എന്ന പദ്ധതി തുടങ്ങി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ട്. അതേപോലെതന്നെ പൊലിസിന്റെ പെരുമാറ്റത്തിലും മാറ്റമുണ്ട്. എന്നാൽ, ഇതൊക്കെ സമൂഹത്തിന് അനുഭവപ്പെട്ടുവരാൻ സമയമെടുക്കും.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പൊലിസിന് പണി കൂടുമോ?
വീ ആർ റെഡി ടു ഫേസ് എവരിതിങ്. ഇതൊക്കെ എല്ലാ കാലങ്ങളിലും ഉണ്ട്.
ദീപികയിലെത്തിയ എഡിജിപി പി. വിജയനെ മാനേജിംഗ് ഡയറക്ർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ, അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ഫാ. രഞ്ജിത് ആലുങ്കൽ, കമ്പനി സെക്രട്ടറി സോഫിയ ജോസഫ്, മാർക്കറ്റിംഗ് ജനറൽ മാനേജർ മാത്യു കൊല്ലമലക്കരോട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യുവും എഡിജിപിക്കൊപ്പമുണ്ടായിരുന്നു.